ഡോ. ബി. ഇക്ബാൽ, ന്യൂറോ സർജൻ
ഫേസ്ബുക്കിൽ കുറിച്ചത്
ആരോഗ്യസംരക്ഷണത്തിനായി എത്ര ദൂരം, എത്ര സമയം, എത്ര ചുവട് നടക്കണം എന്നതിനെക്കുറിച്ചുള്ള പലതരം നിർദേശങ്ങൾ കേട്ട് പലരും ആശയക്കുഴപ്പത്തിലാണ്. പ്രായത്തിനനുസരിച്ചുള്ള കണക്കുകൾ വേറെയും! രാവിലെ എഴുന്നേൽക്കാൻ വൈകുക, വഴിയിലെ പേപ്പട്ടി ശല്യം, മഴ, വാഹനത്തിരക്ക് എന്നിവയും നടക്കാനുള്ള ആവേശം കുറയ്ക്കുന്നു.
ഇതിനൊരു ലളിതമായ പരിഹാരമുണ്ട്. ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും നമ്മളിൽ മിക്കവരും ഫോണിൽ സംസാരിക്കാറുണ്ട്. ആ സമയത്ത് വെറുതെ ഇരിക്കരുത് ? ഫോൺ വിളിക്കുമ്പോൾ എഴുന്നേറ്റ് വീട്ടിനുള്ളിൽ നടന്നുകൊണ്ട് സംസാരിക്കുക. ഹെഡ്ഫോൺ, പ്രത്യേകിച്ച് വയർലെസ് ഹെഡ്ഫോൺ, ഉപയോഗിച്ചാൽ കൂടുതൽ സൗകര്യം. ഫോൺ ചെയ്യുമ്പോഴോ വിളി വരുമ്പോഴോ നടക്കാൻ തുടങ്ങുക. വീട്ടിനുള്ളിലായതിനാൽ മഴയും വെയിലും പേപ്പട്ടി ശല്യവും വാഹനങ്ങളുമൊന്നും പ്രശ്നമാകില്ല!
കഴിഞ്ഞദിവസം രാവിലെ 11 മണിവരെ ഞാൻ 55 മിനിറ്റ് നടന്നുകഴിഞ്ഞു. മകൻ തന്ന ഐപോഡുകളാണ് ഉപയോഗിക്കുന്നത്. ഫോൺ സംഭാഷണങ്ങൾക്കു പുറമേ യൂട്യൂബിലെ പാട്ടുകളും മറ്റു പരിപാടികളും കേൾക്കുമ്പോഴും നടക്കാറുണ്ട്. സമയം പോകുന്നതറിയില്ല; വിനോദത്തോടൊപ്പം വ്യായാമവും! ഒന്ന് പരീക്ഷിച്ചുനോക്കൂ .
വീട്ടിനുള്ളിൽ തടസങ്ങളില്ലാത്ത സ്ഥലം ഉറപ്പാക്കുക; ആരോഗ്യസ്ഥിതിക്കനുസരിച്ച് നടത്തത്തിന്റെ ദൈർഘ്യവും വേഗവും ക്രമീകരിക്കുക. നടക്കാൻ പ്രത്യേക സമയം കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, അടുത്ത ഫോൺ വിളി തന്നെ നടത്തത്തിനുള്ള അവസരമാക്കാം!